Thursday, 26 January 2017

കല്യാണമാ കല്യാണം!

ഈ കഴിഞ്ഞ 2-3 മാസത്തിനകം എനിക്ക് ഏറെ പ്രിയപ്പെട്ട മൂന്നു പേരുടെ ജീവിതത്തിൽ ഒരു ചെറിയ (വലിയ?) മാറ്റം വന്നു.. അവർ കല്യാണം കഴിച്ചു. :-) എന്റെ രണ്ടു ചേച്ചിമാരും ഒരു അനിയത്തിക്കുട്ടിയും. ഹിസാനചേച്ചി, ഫാത്തിമാത്തു സൈനബ് പിന്നെ അഞ്ജലി ചേച്ചി....
ഹിസാനചേച്ചി കോളേജിലെ സീനിയറാണ്. എന്റെ സ്വന്തം ചേച്ചി <3. ഒരു ദിവസം പെട്ടെന്നാണ് അടുത്ത മാസം നിക്കാഹ് ആണെന്ന് പറയുന്നത്.. ഒരു ചോദ്യം ചോദിക്കാതെ ഇരിക്കാനായില്ല.. "കല്യാണത്തിന് എന്താ ഭക്ഷണം?"  :- D
നല്ല കിടുക്കൻ മട്ടൺ ബിരിയാണിയുടെ അകമ്പടിയോടെ  പുള്ളിക്കാരി കല്യാണം കഴിച്ചു പോയി.. ഇപ്പോ ഹാരിസ് ഇക്കയോടൊപ്പം സുഖമായി ഇരിക്കുന്നു.
അപ്പോഴാണ് അടുത്ത ആളുടെ വക ഞെട്ടിക്കൽ.. "എനിക്ക് ഒരു കല്യാണാലോചന വന്നിട്ടുണ്ട്.. നാളെ അവർ കാണാൻ വരുന്നു.." സൈനബ് ആണ്. കൂട്ടത്തിലെ അനിയത്തിക്കുട്ടി.. എന്റെ ജൂനിയറാണ്.  പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു.. ഈ ബ്ലോഗിലൂടെ ആ കഥ മുഴുവനും രസകരമായി ആളു പറഞ്ഞിട്ടുണ്ട്.
ജനുവരി 15നു "ഒരു കുട്ട പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ മേനി നിറയെ"ന്നു പാട്ടും പാടി അതും കഴിഞ്ഞു... ഈ ചേട്ടന്റെ പേര് ഇഹ്സാൻ! ഇവിടെയും ബിരിയാണി ഉണ്ടായിരുന്നു കേട്ടോ..
ഇനിയുള്ളത്  കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലെ ഒരു അർദ്ധരാത്രി വെറുതെയുളള സംസാരത്തിനിടെ നിശ്ചയത്തിനു വരണമെന്ന് പറഞ്ഞു ഞെട്ടിച്ച, ഈ ബ്ലോഗുലകത്തിൽ നിന്നും കിട്ടിയ അഞ്ജലി ചേച്ചി.. പത്മകുമാർ ആണ് ഈ ചേട്ടൻ.  കല്യാണം തിങ്കളാഴ്ച! ലീവ് എടുത്ത് പോകണമെന്ന് ഒക്കെ വിചാരിച്ചു പദ്ധതികൾ ഒക്കെ ആയപ്പോഴേക്കും അത്രയും നാൾ ഇല്ലാത്ത തിരക്ക്..  എന്നാലും വിട്ടു കൊടുത്തില്ല.. ഉള്ള സമയം കൊണ്ട് ഓടിപ്പോയി  സദ്യ കഴിച്ചു..(അതാണല്ലോ പ്രധാനം:-D).. ഞാൻ ഇതു വരെ കഴിച്ചതിൽ വച്ച് ഏറ്റവും നല്ല സദ്യ.. പരിപ്പ് പായസം, പാലട.. ഇപ്പോഴും നാവിൽ രുചിയുണ്ട്.. :-)  :-* കല്യാണം കാണാൻ പറ്റാത്തതിലുളള സങ്കടം ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു. ( അർച്ചനക്കുട്ടിയോട് കുറെ പ്രാവശ്യം രേഖപ്പെടുത്തിതാണ്).. പിന്നെ ആ തിരക്കിനിടയിലും എന്നെ പോസ്റ്റാക്കാതിരിക്കാൻ ആവോളം ശ്രദ്ധിച്ച അനിയത്തിക്കുട്ടി അർച്ചനയ്കും കൂട്ടുകാർ അനന്യ, ജയ്സൺ, ആഷിൽ നും ഒത്തിരി നന്ദി, സ്നേഹം...
മൂന്നു പേര്‍ക്കും ഒരു അടിപൊളി വിവാഹജീവിതം ആശംസിക്കുന്നു..
വാൽകഷ്ണം : ഇത് എന്റെ വിവാഹസമ്മാനം ആയിട്ട് വരും :-D
Wish you a Happy married life! It's Time to see dreams!

Monday, 28 November 2016

നൊസ്റ്റു.. ! :D

29.11.2010
ഇതൊരു യാത്രാവിവരണമാണോ ദിനക്കുറിപ്പാണോ എന്നെനിക്കറിയില്ല. മനസിലുള്ളത് അതേപടി പകര്‍ത്തുന്നു.. ഇന്ന് ഞങ്ങളൊരു യാത്ര പോയി.
ഞങ്ങളെന്ന് പറഞ്ഞാല്‍.. CS2 !

29.11.2016

ഇന്ന്‍ 6 വര്‍ഷമാവുന്നു ആ യാത്ര കഴിഞ്ഞിട്ട്.. ആ ദിവസം ! ഇത് ഞാന്‍ അന്ന്‍ യാത്ര കഴിഞ്ഞു വെറുതെ എഴുതിയിട്ട കുറച്ചു വാക്കുകള്‍.. എന്‍റെ സുഹൃത്തുക്കള്‍ക്ക് വേണ്ടി ഇതിവിടയും കിടക്കട്ടേന്നു കരുതി.. 6 കൊല്ലം മുന്‍പ് എഴുതിയത് എന്ന് പറയുമ്പോള്‍ (ഇപ്പോ എഴുതിയതായാലും) വല്യ സാഹിത്യം ഒന്നും പ്രതീക്ഷിക്കരുത് ! ഇനി ബാക്കി..

29.11.2010

....... ഈ യാത്ര ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റില്ല.. 'BLUE MOON' അതായിരുന്നു ബസിന്‍റെ പേര്.. രാവിലെ 5.30 നു പുറപ്പെടും എന്ന്‍ പറഞ്ഞെങ്കിലും ഏകദേശം 6 മണി കഴിഞ്ഞാണ് സ്കൂളില്‍ നിന്നും പുറപ്പെട്ടത്. ഞാനും നീനും KR ഉം തയ്യഴുത്ത് വഴിയില്‍ നിന്നും കയറി. അപ്പോള്‍ സമയം 6.30. നിതിന്‍ എം.എസിന്‍റെ കാലില്‍ ഒരു ആക്ടിവ ഇടിച്ചിരുന്നു. പാവം. നല്ല വേദനയുണ്ടായിരുന്നു. പോകുന്ന വഴിയില്‍ ഒരു ക്ലിനികില്‍ കയറി.  എറണാകുളം എത്തിയപ്പോഴേക്കും എല്ലാവരും ഉഷാറായി തുടങ്ങി. യാത്രയിലേക്ക്...
ഭരങ്ങാനം പള്ളി - അവിടെ വച്ചായിരുന്നു പ്രാതല്‍. വെള്ളയപ്പവും സ്റ്റൂവും..... വി. അല്‍ഫോണ്‍സാമ്മയുടെ കബറിടവും തിരുശേഷിപ്പ് സൂക്ഷിച്ചിട്ടുള്ള പേടകവും കണ്ടു. അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വി.യൂദാസ്ലീഹയോട് ഒരു കാര്യം ചോദിച്ചിട്ടുണ്ട്. പള്ളിയില്‍ കയറുന്നവര്‍ തീര്‍ച്ചയായും എന്തോ ഒരു ശാന്തിയും സമാധാനവും അനുഭവിക്കും. പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരം. നിശബ്ദത ഏറ്റവും മനോഹരമായിരിക്കുന്ന സ്ഥലം. വിശേഷണങ്ങള്‍ തീര്‍ച്ചയായും തികയാതെ വരും. അവിടെ കുറച്ചു സമയം ചിലവഴിച്ച ശേഷം ഞങ്ങള്‍ മൊട്ടക്കുന്നുകള്‍ തേടി ഇറങ്ങി. ഒപ്പമുണ്ടായിരുന്ന സിമിലി മിസ്സ്‌ B2 ന്‍റെ ബസിലേക്ക് കൂറുമാറി. കുഴപ്പമില്ല, ഞങ്ങളുടെ സ്വന്തം പ്രസീജ മിസ്സ്‌ ഞങ്ങളോടൊപ്പം തന്നെ ഉറച്ചു നിന്നു ! :D
മൊട്ടക്കുന്നുകള്‍ കയറി...ഇറങ്ങി...കയറി..ഇറങ്ങി... 4-5 കുന്നുകള്‍ കയറി എന്ന്‍ തോന്നുന്നു.. ഉപവിയും ഹരിയും (ബബ്ലു) വീഴുകയും ചെയ്തു. (hmm...! ആ അമ്മുമ്മ*യാണ് എല്ലാത്തിനും കാരണം ! ) മിതുല്‍ മോട്ടിയുടെ show പരിപാടികള്‍ക്ക് മാറ്റേകി ;-) ഒരു കാര്യം വിട്ടു പോയി ! പ്രസീജ മിസ്സിന്‍റെ ഹസ്ബന്‍ഡ് വന്നിരുന്നു. ഫോട്ടോ എടുക്കാന്‍ നേരം അമ്പിളി മിസ്സിന്‍റെ ഹസ്സിനെ വിളിക്കുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ മിസ്സ്‌ "ഹസ്ബന്‍റെ..." എന്ന്‍ നീട്ടി വിളിച്ചത് എല്ലാവരിലും ചിരിയുണര്‍ത്തി.( മിസ്സ്‌ super ആണു ! ) ബസില്‍ ഹരി (P) യുടെയും  KR ന്‍റെയും മിമിക്രി ഉണ്ടായിരുന്നു. ഡ്രൈവര്‍ ബിജു ചേട്ടന്‍ ഞങ്ങളുടെ ഒപ്പം പാട്ട് പാടി.
അങ്ങനെ നടക്കുമ്പോള്‍ കുന്നിന്‍ ചരിവില്‍ ഒരു പിടിയാനയെ കണ്ടു. സവാരിക്കുള്ള ആനയാണ്. B2 ആനപ്പുറത്ത് ഉണ്ടായിരുന്നു. ഞങ്ങള്‍ ആരും കയറിയില്ല. :P അവിടെ മരക്കൊമ്പില്‍ ഇരുന്ന്‍ ഉച്ചഭക്ഷണം കഴിച്ച ശേഷം ഒരു ചോക്കോ ബാറും കഴിച്ച് പൈന്‍ വാലിയിലെയ്ക്ക്...
മൊട്ടക്കുന്നിനെ അപേക്ഷിച്ച് കുറച്ചു കൂടി risky/ adventurous ആയിരുന്നു പൈന്‍ വാലി. ഇറങ്ങിയിട്ട് കയറുക. ഇറങ്ങിയവരെ ഒക്കെ അട്ട കടിച്ചു. രമ്യയെയും കടിച്ചു.. ഉപവിയെയും കണ്ടിച്ചു.. തീയും ഉപ്പും ഒക്കെ ഉപയോഗിച്ച് അവരെ ഒക്കെ ഓടിച്ചു..
അവിടെ നിന്നും കുരിശു മലയിലേയ്ക്ക്...കുരിശു മലയില്‍ കയറിയില്ല.. താഴെ വരെ പോയി. അവിടെ ഭയങ്കര കാറ്റാണ്. കയറ്റം നല്ല രസമായിരുന്നു. ഞങ്ങള്‍ ( KR, ലഷ്മിണി, ഉപവി, ഞാന്‍, നിമല്‍, ഷിജോ , ഹരി പി.എസ്., നിതിന്‍ ) കുറെ വര്‍ത്തമാനങ്ങള്‍ ഒക്കെ പറഞ്ഞു കയറി. അഖില്‍ കുമാര്‍ നു വഴിയില്‍ നിന്നും ഒരു കുട്ടിയെ കൂട്ട് കിട്ടി. പിന്നെ അഖില്‍ കെ യു. കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ ഒരു ടെമ്പോയില്‍ കയറി പോയി ! മടിയന്മാര്‍ ! :-P നടന്ന്‍ കയറുന്നതിന്‍റെ thrill ഒന്ന് വേറെ തന്നെ. പ്രകൃതി ഭംഗി ആസ്വദിച്ചു നടന്നു മുകളില്‍ എത്തി. ഒത്തിരി തമാശകള്‍ പറഞ്ഞാണ് കയറ്റം.. ഇറക്കം കാലു പിടിച്ചു വലിക്കുന്നത് പോലെ ഉണ്ടായിരുന്നു.
കുരിശു മല കയറി ഇറങ്ങിയ ശേഷം സീറ്റില്‍ ഒരു ചെറിയ മാറ്റം. പിന്നെ ശകലം കശപിശയും.. :-D
പോക്കിരി രാജാ ഫിലിം ഇട്ടു. ഒരേ ഒരു ഡിസ്ക്. അഭിപ്രായം പറയുന്നില്ല..! അത് കഴിഞ്ഞു എല്ലാവരും ഡാന്‍സ് കളിച്ചു. (No ! തുള്ളി.. ! ) പ്രസീജ മിസ്സിന്‍റെ ഡാന്‍സ് super ആണ്.. ( മിസ്സ്‌ അടിപൊളിയാണ് ട്ടോ..!) പിന്നെ ഓരോരുത്തരായി പിരിയാന്‍ തുടങ്ങി. പെട്ടെന്ന്‍ തീര്‍ന്നത് പോലെ..(എവിടെ മണി 10.30 ആയി)
ജീവിതത്തിലെ ഒത്തിരി ഒത്തിരി നല്ല കുറെ നിമിഷങ്ങള്‍.....
പിന്നെ ഇന്ന് നീനുന്‍റെ ജന്മദിനം കൂടെ ആണുട്ടോ... സന്തോഷ ജന്മദിനം കുട്ടിയ്ക്ക് !! :D :D

.....
29.11.2016

ഒതുക്കി വക്കലിനിടെ പഴയ ഡയറി കിട്ടിയതാ... നൊസ്റ്റു വന്നു .. :D ഓര്‍ത്തു വയ്ക്കാന്‍ ഒരുപാടുണ്ട്.. ഇണക്കങ്ങളും പിണക്കങ്ങളും... ഇപ്പോഴും നിലനില്‍ക്കുന്ന മധുരവും... **touchwood**
അയവിറക്കി മണി 1.15 ആയി.. AM ആണ് ! ഇനി ഓഫീസില് പോകണ്ടതാ..!
അപ്പോ ഇത് എന്‍റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കായി...
ഒത്തിരി വിട്ടു പോയിട്ടുണ്ടാവാം...അല്ല..ഉണ്ട്.. ആ നിമിഷങ്ങളുടെ ഭംഗിയും (ശൌര്യവും :D ) വാക്കുകളില്‍ പകര്‍ത്താന്‍ അറിയില്ല.. അത് കൊണ്ട് ഇത്രയും മതിന്ന്‍ കരുതി.. ഇത് പഴയതാണ്.. ആ യാത്രയോളം പഴക്കമുള്ള ഒരു കുറിപ്പ്.. :)
ഇനിയും ഒരുപാട് നിമിഷങ്ങള്‍ നമുക്കൊരുമിച്ച് കിട്ടട്ടെ...
പിന്നെ... സന്തോഷ ജന്മദിനം നീനുവിനു !! Happy b'day Neenu.. ! :D

*അമ്മൂമ്മ : ലഷ്മിണി @ ശ്രീലക്ഷ്മി 

Tuesday, 16 February 2016

അസഹിഷ്ണുത അതിരു കടക്കുമ്പോൾ*

കഴിഞ്ഞ ദിവസം കോളേജിലെ  ഒരു ജൂനിയറുമായി സംസാരിച്ചിരിക്കുമ്പോൾ ബ്ലോഗ്‌ വിഷയമായി. എന്തേ ഇപ്പൊ ഒന്നും എഴുതാത്തത്  എന്ന ചോദ്യം, പല വട്ടം ഞാൻ സ്വയം ചോദിച്ചതാണ്. എന്തേ ഞാൻ ഒന്നും ചിന്തിക്കാത്തത് എന്ന് ..
ഈ ബ്ലോഗുലകത്തിലേക്ക് ഞാൻ പിച്ച വച്ച് തുടങ്ങിയിട്ട് 5 വർഷങ്ങൾ ആവാറാകുന്നു. കോളേജ് ജീവിതത്തിന്റെ ആദ്യ ദിനങ്ങളിൽ പ്രശ്നങ്ങളോട് പ്രതികരിക്കാനുള്ള ആഗ്രഹം മനസ്സിൽ നിറയെ ഉണ്ടായിരുന്നു.
മനസ് നിറയെ ആവേശവും വിപ്ലവവും ചോരത്തിളപ്പും. 5 വർഷങ്ങൾ കൊണ്ട് എനിക്ക് സംഭവിച്ച മാറ്റങ്ങളിൽ ഒന്ന് ഉള്ളിലെ കനലിനെ ഞാൻ തല്ലിക്കെടുത്തി എന്നുള്ളതാണ്. ചുറ്റും നടക്കുന്നതിനെ ഞാൻ കാണുന്നും കേൾക്കുന്നുമില്ല എന്ന് തീരുമാനിച്ചു. കണ്ണടച്ചിരുട്ടാക്കി എന്ന് പറഞ്ഞാലും ശരിയാണ്. അതിന്റെ കാരണം വ്യക്തിപരമാണ്. പക്ഷേ, നമുക്ക് നമ്മളിൽ നിന്ന് തന്നെ ഓടി ഒളിക്കാൻ എത്ര ശ്രമിച്ചാലും സാധിക്കില്ലല്ലോ. പ്രതികരിക്കേണ്ടതായ, മനസ്സിൽ രോഷം തിളച്ചു പൊങ്ങിയ ഒരുപാട് സംഭവങ്ങൾ നടന്നിരുന്നു എഴുതാതെയും ചിന്തിക്കാതെയും സ്വയം സൃഷ്ടിച്ച പുകമറയ്ക്കുള്ളിൽ മറഞ്ഞിരിക്കുമ്പോൾ. 'അഭിപ്രായ സ്വാതന്ത്ര്യം' എല്ലാവർക്കും  ഒരുപോലെയുള്ള ഭരണഘടന നിലനിൽക്കുന്ന  ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് നടന്ന കൊലപാതകങ്ങൾ,വിപ്ലവങ്ങൾ ഉള്ളിൽ കനലല്ല, ബോംബ്‌ സ്ഫോടനം നടക്കാനുള്ളത്രയും കാര്യങ്ങൾ നടന്നു കഴിഞ്ഞു.
സ്വന്തം ആശയങ്ങൾ പങ്ക് വച്ചതിന്റെ പേരിലും ഇഷ്ടമുള്ള ഭക്ഷണം കഴിച്ചതിന്റെ പേരിലും രക്തം ചിതറി. ജീവനുകൾ പൊലിഞ്ഞു. ഭരണഘടനയുടെ ആമുഖം വാഗ്ദാനം ചെയ്യുന്ന സമത്വവും സാഹോദര്യവും അഖണ്ഡതയും മതേതരത്വവും കാറ്റിൽ പറന്നു നടക്കുന്നത് കണ്ടു നിൽക്കാൻ കഴിയുന്നില്ല.
നിർദയമായ പീഡനങ്ങളും കൊലപാതകങ്ങളും നടന്നതിനു ശേഷം നടപടിയ്ക്ക് വേണ്ടി മുറവിളി കൂട്ടേണ്ടി വരുമ്പോളും ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപിത താത്പര്യങ്ങൾക്കെതിരായി സംസാരിക്കുന്നവരെ ജയിലിലടക്കാൻ ഏതു പാതിരാത്രിയിലും പുലർകാലത്തും പോലീസ് സർവസജ്ജരാണ് . അവിടെ കാലതാമസമില്ല, നടപടിക്രമങ്ങളുടെ നൂലാമാലകളില്ല.
ഒരു സർവകലാശാലയിൽ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഒരു യോഗത്തിൽ രാജ്യത്തിന്റെ സുരക്ഷ തന്നെ അപകടത്തിലായി എന്ന് പറയുന്നതിലെ  യുക്തി സാമാന്യ ബുദ്ധിക്ക് മനസിലാവാത്തത് തന്നെയാണ്.
വായിച്ച  ഒരു ലേഖനം ഇവിടെ പങ്ക്  വയ്ക്കുന്നു.
അല്ലയോ ബഹുമാനപ്പെട്ട സർക്കാർ ! ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ് ഹേ ! ഞങ്ങൾക്കൊക്കെ ഇവിടെ സമാധാനമായി ജീവിക്കണം.

*തലക്കെട്ടിനു കടപ്പാട് : എന്നും എപ്പോഴും അഞ്ജലി ചേച്ചി. :)Monday, 14 September 2015

അഞ്ജലി ചേച്ചി !

അങ്ങനെ ഞങ്ങൾ കണ്ടു മുട്ടി.. !
വലിയ ബഹളങ്ങളൊന്നുമില്ലാത്ത  ഒരു ശനിയാഴ്ച ആയിരുന്നു...
ഒരു സെമിനാറിൽ പങ്കെടുക്കാൻ ഹൈക്കോടതി ജങ്ങ്ഷനിൽ നിന്നും കലൂരേക്കുള്ള  ബസിൽ കയറി ഒരു സൈഡ് സീറ്റിൽ സ്ഥാനം പിടിച്ചപ്പോളാണ് പരിചയമുള്ള ഒരു മുഖം പെട്ടെന്ന് മുന്നിൽ വന്നത്... തീരെ പ്രതീക്ഷിക്കാതെ ആയത് കൊണ്ട് ഒരു നിമിഷം വേണ്ടി വന്നു മനസിലാവാൻ.. ഈ അടുത്ത കാലത്തൊന്നും ആരെയും കണ്ടിട്ട് ഇത്ര അധികം സന്തോഷം തോന്നിയിട്ടില്ല..
"times to see dreams" blogger അഞ്ജലി ചേച്ചിയെ കുറിച്ചാണ് ഈ പറയുന്നത്..
'മാതൃഭൂമി'യിൽ റിപ്പോർട്ടറാണെന്ന് കേട്ടപ്പോൾ ഇരട്ടി സന്തോഷം.. :)
ആള് ഇമ്മിണി ബല്യ ഒരു റിപ്പോർട്ടർ ആവട്ടെ അല്ലെ ?

Saturday, 11 April 2015

എന്നെ തിരയുന്ന ഞാൻ !*

ആത്മാവ് നഷ്ടപ്പെട്ട ശരീരത്തെ ജഡമെന്ന് വിളിക്കുമെങ്കിൽ,
ഞാനിന്നൊരു ജഡമാണ്;ജീവനുള്ള ജഡം.
അലയുകയാണു ഞാൻ, ഇന്നെന്നെ തിരഞ്ഞെ
-ന്‍റെ നാട്ടുവഴികളിലെന്‍ വിദ്യാലയത്തില്‍..,
കണ്ടു ഞാന്‍, പഴയ പുസ്തകത്താളുകള്‍ക്കിടയിലൂടെ
മെയ് വഴക്കത്തോടെ വഴുതി മാറി 
പൊട്ടിച്ചിരിക്കുന്ന എന്‍റെയാത്മാവിനെ.
കാണുന്നു ഞാനെന്നാത്മാവിന്‍ കണ്‍കളില്‍,
'എന്നെ മറന്നെ'ന്ന പരിഭവത്തിന്‍ നിഴല്‍..
അറിയുന്നു ഞാനിന്നു ഋതുഭേദങ്ങളില്‍
ഞാന്‍ തേടിയതത്രയും എന്‍റെയീ മുഖമെന്ന്‍..
എങ്കിലുമിനിയുമൊരു ചോദ്യം ബാക്കി..
എങ്ങിനെ ഞാനാവാഹിക്കും,എന്നിലേക്കെന്നാത്മാവിനെ ???

തലക്കെട്ടിനു കടപ്പാട്: മഹാകവി പി. കുഞ്ഞിരാമൻ നായരുടെ ആത്മകഥ.

Wednesday, 30 April 2014

एक अधूरा सपना … ।


 मिला था एक अजनबी से,
एक जादूगर जैसा पहेली से।
एक छुटकी में वो बनाया मुझे
अपना, दूसरे ही पल में पराया।
जादू था उसकी आँखों में,
एक अनजाना सा अपनापन था
एक पल में बदल दिया
मेरे ज़िंदगी को, पहली सा बना दिया।
ये सपना हैं या हकिकत
कोई तो बता दें मुझे।
इस पहेली को सुझादे ज़रा,
बचाले मुझको ये अंधेरे से।
लेकिन ये पहेली भी कभी
अच्छा लगता हैं।
क्योंकि सपना हैं अभी भी
इस छोटी सी ज़िंदगी में।।

NB: written as a part of the arts day  competitions at my college..

Saturday, 29 March 2014

ചില തിരഞ്ഞെടുപ്പ് ചിന്തകള്‍ ഭാഗം-1

ഒരുപാട് നാളുകൾക്ക് ശേഷം ഇന്നാണ് എന്‍റെയീ കൊച്ചു ബ്ലോഗില്‍ ഒന്ന് കുത്തിക്കുറിക്കാന്‍ ഒരു ആശയം വീണുകിട്ടിയത്... കുറേക്കാലം കൂടി പത്രം ഒന്ന് തുറന്നതാ... ഇപ്പോഴാണെങ്കില്‍ തിരഞ്ഞെടുപ്പ് കാലവും ആണല്ലോ... പത്രങ്ങളായ പത്രങ്ങള്‍ മുഴുവന്‍ ചൂട്പിടിച്ച ചര്‍ച്ചകള്‍ നടത്തുന്നു... അതിനിടയില്‍ ഒരു വാര്‍ത്ത കണ്ടിട്ട് ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി എന്ന് പറഞ്ഞാല്‍ മതിയല്ലോ.. !! ആന്ധ്രാപ്രദേശിലെ ഒരാള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഒരു കേസ് കൊടുത്തതിനെപ്പറ്റിയാണ് വാര്‍ത്ത... അവിടത്തെ ഒരു പാര്‍ട്ടിയുടെ ചിഹ്നം ഫാന്‍ ആണ്. അതു കൊണ്ട് പോളിംഗ് ബൂത്തിലെയും ഒരു 100 മീറ്റര്‍ ചുറ്റളവിലെയും സീലിംഗ് ഫാനുകള്‍ തിരഞ്ഞെടുപ്പ് ദിവസം അഴിച്ച് മാറ്റണമത്രേ.. !! ആ ചിഹ്നം കണ്ടാല്‍ ജനങ്ങളൊക്കെ വോട്ട് ആ സ്ഥാനാര്‍ത്ഥിക്ക് കൊടുക്കുമെന്ന്‍.. ഞാനോര്‍ക്കുകയായിരുന്നു... ഇക്കണക്കിനു, കൈപ്പത്തി ഒരു പാര്‍ട്ടിയുടെചിഹ്നമാണല്ലോ.. അപ്പോ വോട്ടര്‍മാര്‍ അതും വീട്ടില്‍ വച്ചിട്ട് വരണം എന്ന് പറയുമോ ആവോ !!

ഈശ്വരോ രക്ഷ!!!!

Friday, 2 August 2013

പ്രതീക്ഷ....

പോകയായിരുന്നു ഞാനാ നദിയിലൂട-
ന്നൊരാൾ വന്നൊരു തോണിയുമായ് ..
അറിയാതെ ഞാനന്നു കയറിയാ തോണിയിൽ
ഒന്നിച്ചു നീങ്ങിയാ നദിയിലൂടെ..

അറിഞ്ഞില്ല മായയാണാ തോണിയെന്നു 
ഞാൻ, എന്‍റെ സങ്കൽപചിത്രം മായും വരെ;
 ഒടുവിലാ നദി തന്‍റെ നടുവിലായ് 
വെറുമൊരു മായയാമാ തോണി മറയും വരെ..

നിലയില്ലാക്കയത്തിലായ് വീണുപോയ്‌,
ഞാനന്നു നിലകിട്ടാതുഴറിയാ ജലാശയത്തിൽ.
ഋതുഭേദമറിയാതെ, ദിക്കറിയാതെ ഞാനു-
ഴറി ഞാൻ; ഉഴറി ഞാനാക്കയത്തിൽ...

കാണുന്നു ഞാനിന്നൊരു ദീപനാള-
മങ്ങകലെയായ് വഴികാട്ടി പോലെ മുന്നിൽ;
 അറിയില്ലെനിക്കിതു സത്യമോ മിഥ്യയോ..
ഭീതി തൻ കരിനിഴൽ മൂടുന്നുവോ..

എങ്കിലും ഞാനിന്നു നീങ്ങയാണീ-
ദീപനാളത്തെ മുന്നിലായ് കണ്ടുകൊണ്ട്;
അണയുമോ ദീപമേ, നീയുമൊരു മായയായ്...???
വയ്യിനി, വയ്യെനിക്കലയുവാനായ്...

കേഴുന്നു ഞാനിന്നു, ദീപമേ നീയെന്നിൽ 
പകരുമോ പ്രത്യാശ തൻ വെളിച്ചം... ???
ചൊരിയുമൊ ദീപമേ, എന്നുമെൻ വീഥിയിൽ
സ്നേഹം നിറഞ്ഞിടും നിൻ പ്രകാശം ??? 

 PS : Born while studying for an exam.. !!! few months back in March.. :) 

Saturday, 27 July 2013

ഡ്രൈവിംഗ്.. !!!

കുറെ നാളുകൾക്കു ശേഷം ഞാൻ ഇതാ വീണ്ടും ഒരു പൊട്ടത്തരവുമായി അവതരിക്കുന്നു.. :D 
ഡ്രൈവിംഗ് ലൈസെൻസ് കയ്യിൽ കിട്ടിയിട്ട് മാസം 3 ആയിട്ടും വണ്ടി ഇതുവരെ റോഡിലേക്ക് ഇറക്കാൻ സാധിച്ചിരുന്നില്ല.. നാട്ടുകാരെല്ലാവരും സമാധാനപൂർവ്വം തന്നെ ജീവിച്ചുപോന്നു.. 
അങ്ങനെ ഇന്ന് ഞാൻ തീരുമാനിച്ചു.. നാട്ടുകാരെ അങ്ങനെ വിട്ടാൽ പറ്റില്ല... 
എടുത്തു..!! വണ്ടിയുടെ താക്കോൽ... !! ( toodu tutu toodu toodu toodu.. !!! ) 
വണ്ടിയിൽ കയറി.. സ്റ്റാർട്ട്‌ ചെയ്തു... ക്ലച് ചവിട്ടി.. ഗിയർ മാറ്റി.. ( ;) ഇപ്പൊ എനിക്കിതൊക്കെ അറിയാം എന്ന് മനസിലായില്ലേ ?? :D ) 
റോഡിലേക്കിറങ്ങി.. സമയം ഏകദേശം 3 മണി... 
കൈ വിറച്ചിട്ടു ഗിയറും..കാലു വിറച്ചിട്ടു ക്ലച്ചും... വളരെ നന്നായിരിക്കുന്നു അല്ലെ ?? :D
അങ്ങനെ ആണ് ഞാൻ ആദ്യമായി ഒരു കാർ ഓടിക്കാൻ പോകുന്നത്... 
ഇപ്പൊ തന്നെ കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസിലായിക്കാണുമല്ലോ.. ??
അപ്പോൾ.. അടുത്തുള്ള പെട്രോൾ പമ്പ് ആണ് എന്‍റെ ലക്ഷ്യം... 
അങ്ങോട്ടുള്ള യാത്ര വളരെ മനോഹരമായി കടന്നു പോയി... 
തിരിച്ചു വന്നപ്പോൾ..  റോഡിലെ സകല കുഴികളും കണ്ടു പിടിച്ചു ചാടി... 
ഒരു കുഴി പോലും എന്‍റെ "ഡ്രൈവിംഗ് സ്കിൽസ്" അറിയാതെ പോകരുതല്ലോ... !!
പിന്നെ..പാലം എത്തി.. പുറകെ വരുന്ന എല്ലാ ആളുകളെയും വളരെ സ്നേഹപൂർവ്വം ഞാൻ കയറ്റി വിടുന്നുണ്ടായിരുന്നു..  അങ്ങനെ ഞാൻ പാലം കയറുന്നു...  മുൻപിൽ പോകുന്ന ബൈക്ക് ചേട്ടനെ ഇടിക്കാതെ പോകാനുള്ള പരിശ്രമത്തിനിടയിൽ...കൃത്യമായി പറഞ്ഞാൽ പാലത്തിന്‍റെ നടുക്ക്... അതാ വണ്ടി ഓഫാകുന്നു... !! എന്‍റെ പ്രിയപ്പെട്ട നാട്ടുകാരൊന്നും എന്നെ കൈ വെടിഞ്ഞില്ല... :D എല്ലാവരും താന്തങ്ങളുടെതായ വിജ്ഞാനം പ്രദർശിപ്പിച്ചുകൊണ്ടു ഉപദേശങ്ങൾ തന്നു... 
അടുത്ത ദൃശ്യം.. !
വീട്ടിലേക്കുള്ള വളവുതിരിയാൻ റോഡിൽ 'U' ടേണ്‍ എടുക്കാൻ കാത്തിരിക്കുന്ന ഞാൻ...
റോഡ്‌ കാലിയായത് കണ്ടു വണ്ടി എടുത്തു കൃത്യം റോഡ്‌ന്‍റെ നടുക്ക് എത്തിയപ്പോൾ ആംബുലൻസ് പാഞ്ഞു വരുന്നു... "റിവേർസ്".. !! വണ്ടി ഓഫ്‌... !!! ഒടുവിൽ അദ്ഭുതകരമായി ആംബുലൻസ് പാഞ്ഞു വന്നു ഇടിക്കുന്നതിനു മുൻപ്... "അതിവിദഗ്ദ്ധമായി" ഞാൻ റിവേർസ് എടുത്തു...!!! 
ഈ യാത്രയിൽ എനിക്കു കിട്ടിയത്... :
1. ബസുകാരുടെ 'സദ്‌ വചനങ്ങൾ'
2. നാട്ടുകാരുടെ ഉപദേശങ്ങൾ...
3. റോഡിലെ കുഴിയുടെ കൃത്യമായ അളവും ആഴവും..എണ്ണവും...

ഏതായാലും.. ഈ പരിപാടി നിർത്താൻ ഉദ്ദേശിക്കുന്നില്ല... 
ഇതേദിവസം ഇതേ സമയം.. ഈ കലാപരിപാടി വീണ്ടും ആവർത്തിക്കുന്നതാണ്... !! 

PS : ഈ കലാപരിപാടിയിൽ മറന്നു പോകരുതാത്ത അവശ്യഘടകം : "L"  :D
വീണ്ടും സന്ധിക്കും വരെ.. വണക്കം.. !!!! ;) 

Thursday, 21 March 2013

എന്‍റെ സുഹൃത്തിനു ജന്മദിനത്തിനായ്.....

എൻ  പ്രിയതോഴിക്കായി നേരുന്നു,
ഞാനിന്നു ജന്മദിനത്തിന്‍റെ   മംഗളങ്ങൾ.. 
ജീവിത പന്ഥാവിൽ നിറയട്ടെയെന്നും നിൻ 
പുഞ്ചിരിപ്പൂവു തൻ നറുസുഗന്ധം.. 

വന്നു നീ,യന്നെൻ വഴിത്താരയിൽ,
എനിക്കേകി നീ വിണ്ണിൻ നറുനിലാവ്‌.. 
നമ്മുടെ സൗഹൃദ പുഷ്പം നിറയ്ക്കുമെ-
ന്നെന്നുമെൻ വീഥിയിൽ നവസുഗന്ധം.. 

എന്നുമെന്നും നറുപുഞ്ചിരി തൂകു നീ,
പരിശ്രമത്താൽ വിജയപർവ്വമെത്തൂ.. 
പാരിൽ മുഴങ്ങട്ടേ നിൻ ശബ്ദമാധുര്യം,
കാലിൽ കിലുങ്ങട്ടേ ചിലങ്കയെന്നും.. 

നേരുന്നു ഞാനെന്‍റെ തോഴീ നിനക്കായി-
ന്നോരായിരം മംഗളാശംസകൾ,
എൻ പ്രിയതോഴിക്കായ്‌ നേരുന്നു 
ഞാനിന്നു ജന്മദിനത്തിന്‍റെ  മംഗളങ്ങൾ.. 

PS: For my dear,dearest,special friend... 
This is my gift for you... :)
I wish you a very very Happy B'day my cutie pie.. Hope you'll have wonderful year ahead... !!!